ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തെക്കുംകൂര്‍ രാജാവിൻറെ ഭരണത്തിലിരുന്ന ഈ നാട്ടുരാജ്യം കാലാന്തരത്തില്‍ തിരുവിതാംകൂറിനോട് ചേര്‍ത്തു. ഉണ്ണുനീലി സന്ദേശകര്ത്താവ് സന്ദേശഹരന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്ന പൂര്‍വ്വ സന്ദേശത്തില്‍ കാട് ഇടത്തും വലത്തുമായി കിടക്കുന്ന ഭാഗത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ആ ഭാഗം വാകത്താനത്തിൻറെ 5 വാര്‍ഡുകളെ സ്പര്‍ശിച്ച് കിടക്കുന്നു. മണികണ്ഠപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തെക്കുറിച്ചും വിവരിക്കുന്നു. കൂടാതെ 12-ാം നൂറ്റാണ്ടിലുണ്ടായ തെക്കുംകൂര്‍ രാജാവിൻറെ ചെപ്പേടിലും മയൂരസന്ദേശം എന്ന സംസ്കൃത മഹാകാവ്യത്തിലും മണികണ്ഠപുരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഉണ്ണുനീലിസന്ദേശത്തില്‍ കാടമുറി ശ്രീനരസിംഹസ്വാമിക്ഷേത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ഇതേകാലത്ത് തന്നെ ഉണ്ടായതാണ് തോട്ടയ്ക്കാട് കുരുതി കാമന്കാവ് ക്ഷേത്രം എന്നതിനും തെളിവുണ്ട്. കുറഞ്ഞത് 1500 വര്‍ഷത്തെ ചരിത്ര പാരമ്പര്യം വാകത്താനത്തിനുണ്ട് എന്നതിൻറെ ചൂണ്ട് പലകയാണ് സാംസ്കാരികതയുടെ പ്രതീകങ്ങളായ ഈ ക്ഷേത്രസങ്കേതങ്ങള്‍. വാകത്താനം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ശിലാലിഖിതങ്ങളും തോട്ടയ്ക്കാട് ശ്രീശങ്കരനാരായണ ക്ഷേത്രത്തിലെ രേഖകളും റാപ്പുഴ മുത്തനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും നാടിൻറെ പ്രാചീനതക്കുള്ള തെളിവുകളാണ്. തെക്കുംകൂര്‍ രാജാവിൻറെ ആജ്ഞാനുവര്‍ത്തികളും രാജ്യഭക്തരുമായ ഇടരാജാക്കന്മാരില് കൊല്ലും കൊലയും നടത്തിയിരുന്നത് നന്തികാട്ട് പണിക്കന്മാര് (എടത്തില്‍) ആയിരുന്നു. രാജാവിൻറെ ആയുധപ്പുരസൂക്ഷിപ്പുകാരായ നന്തിക്കാട്ടുകാരുടെ അകത്തറയിലെ പൂജാമുറിയില്‍ സൂക്ഷിച്ച് വരുന്ന രാജാക്കന്മാരുടെ കാലത്തുണ്ടായിരുന്ന പഴയ വാളും കുറ്റവാളികളെ തൂക്കിലേറ്റിയിരുന്ന ഞാലിയാകുഴിയും തൊട്ടടുത്തായി കുറ്റവാളികളെ തുറുങ്കിലിട്ടിരുന്ന ഗുഹയും (ഇന്നത്തെ മുള്ളനള ഭാഗത്ത് മെയിന്‍ റോഡിന് കുറുകെ കാണുന്ന ഗുഹ) അതിനടുത്തു കാടുപിടിച്ച് കിടന്നിരുന്ന ചുടുകാടും പഴയ കോട്ടയുടെ ഭാഗങ്ങളും ഈ നാടിന്റെ പ്രാചീനതയെ കാണിക്കുന്നവയാണ്. സമ്പത്ത്ക്കര (ചമ്പക്കര) പാലമറ്റം പ്രദേശങ്ങളിലെ പ്രാചീന കുടുംബക്കാരുടെ ജന്മം വാകത്താനത്താണ്. അവിടെ ഒരു പശു പ്രസവിച്ചാല്‍ ശുദ്ധമായ ആദ്യത്തെ നാഴിപ്പാല് ദേശാധിപനായ ശ്രീമണികണ്ഠപുരത്ത് ദേവന് നിവേദിക്കുന്ന പതിവു ഇന്നും തുടര്‍ന്ന് പോരുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കരസഭയുടെ ദ്വിതീയ കാതോലിക്കയുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന വള്ളിക്കാടു ദയറയും വിശുദ്ധ ചാവറയച്ചന്റെ മാതൃകുടുംബമായ ചോതരകുന്നേല് ഭവനവും ഭാരതകേസരി ശ്രീമന്നത്തുപത്ഭനാഭന്റെ പിതാവ് മാന്യശ്രീ ഈശ്വരന് നമ്പൂതിരിക്ക് ജന്മം നല്കിയ കിഴക്കേ നീലമനയും ഈ നാട്ടിലാണ്. ഭാരത സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ധീരസേനാനികളുടെ ഭവനങ്ങളും പ്രസിദ്ധ സാഹിത്യകാരനായ ഐ.സി.ചാക്കോ അവര്‍കളുടെ കുടുംബവും വാകത്താനത്തുണ്ട്. രാജവാഴ്ചക്കാലത്ത് ഈ ഗ്രാമം പുതുപ്പള്ളി പകുതിയില്‍ ഉള്‍പ്പെട്ടതായിരുന്നു. എന്നാല്‍ അതിന്റെ പകുതി കച്ചേരി വാകത്താനം മണികണ്ഠപുരം ക്ഷേത്രത്തിനടുത്തുള്ള വില്ലേജാഫീസായിരുന്നു, അന്നത്തെ പുതുപ്പള്ളി പ്രവര്‍ത്തി കച്ചേരി. ഹൈന്ദവ ക്രൈസ്തവ മുസ്ളീം മതവിശ്വാസികള്‍ ഇന്നാട്ടില് ഏകോദരസഹോദരങ്ങളെ പോലെ വര്‍ത്തിക്കുന്നു. കൃഷിയാണ് പ്രധാന തൊഴില്‍ മേഖല. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൃഷി ആദ്യമായി ആരംഭിച്ചത് വാകത്താനത്താണ്. കാട് വെട്ടിത്തെളിച്ച് കരിമ്പും, ചാമയും, വരകും, പഞ്ഞപ്പുല്ലും മുതിരയും ആണ് ആദ്യകാലത്ത് തുടങ്ങിയ കൃഷികള്‍. വാകത്താനത്തെ മാതൃകാപരമായ കരിമ്പിന് കൃഷിയെക്കുറിച്ച് ചരിത്രകാരനായ കൊച്ചീപ്പന്‍ തരകന് ഭാഷാപോഷിണിയിലെ ഒരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മലഞ്ചരക്കും കരിമ്പുല്പന്നങ്ങളും കപ്പയും വലിയ കെട്ടുവള്ളങ്ങളിലും പത്തേമാരികളിലും കയറ്റി അന്യനാടുകളിലേക്ക് ഇവിടെ നിന്നും കൊണ്ട് പോയിരുന്ന സേട്ടുമാരെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന മീനച്ചലാറിന്റെ ശാഖകള്‍ വലിയ വലിയ വഞ്ചികള്‍ നിര്‍ബാധം സഞ്ചരിച്ചെത്താവുന്ന തരത്തില്‍ വിശാലമായ ജലാശയങ്ങളായി ഈ നാടിന്റെ വടക്കും പടിഞ്ഞാറുമായി കിടക്കുന്നു. അന്യനാട്ടില്‍നിന്ന് ചാരവും, ചാണകവുമായി ഇവിടെ എത്തിയിരുന്ന ഈ നൌകകള്‍ ഇവിടുത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുമായി മടങ്ങിപ്പോകും. നല്ലൂര്കടവിലും, മടത്തിപറമ്പില്‍ കടവിലും, പരവന്കടവിലും, കണിയാന് കടവിലും, പുതുശ്ശേരികടവിലും, ആറ്റുപുറത്ത് കടവിലും, മാളികകടവിലും, വെട്ടിക്കലിങ്കിലും ഈ നൌകകള്‍ താവളമടിച്ചിരുന്നു. ശങ്കുണ്ണിമേനോന്റെ ഉടമസ്ഥതയിലുള്ള സ്വരാജ് വണ്ടി എത്തുന്നതിന് മുമ്പ് ജലയാത്രക്കായിരുന്നു പ്രമുഖ്യം. യാത്രക്കായി അന്ന് വളവര വള്ളങ്ങളും, ചുണ്ടന് വള്ളങ്ങളും ഉപയോഗിച്ച് പോന്നു. കരപ്രദേശങ്ങളില്‍ കാളവണ്ടിയും, റിക്ഷാവണ്ടിയും യാത്രക്കായി ഉപയോഗിച്ചിരുന്നു. മുതല കയറിക്കിടന്ന സ്ഥലങ്ങള്‍ (മുതലകേരി) വരെ ഇന്നും ഈ നാടിന്റെ ഭാഗമാണ്. തെങ്ങ്, കരിമ്പ്, നെല്ല്, കപ്പ, പയര്‍, തുവര, വാഴ, വരക്, ചാമ, പഞ്ഞപ്പുല്ല്, കവുങ്ങ്, കുരുമുളക്, ചേന, ചേമ്പ്, കാച്ചില് എന്നിവയായിരുന്നു ആദ്യകാല കൃഷികള്‍. പിന്നീട് കൊക്കോ, റബ്ബര്‍, പച്ചക്കറി എന്നിവ കൃഷിയിടങ്ങളില്‍ നിരന്നു. വാകത്താനം വരിക്കച്ചക്ക ചരിത്ര പ്രസിദ്ധമാണ്. കൂടുതല്‍ ഭാഗവും ചരല് ഭൂമിയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മേജര്‍ ക്ഷേത്രമാണ് മണികണ്ഠപുരം ശ്രീകൃഷ്ണ സ്വാമീക്ഷേത്രം. 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമത വിശ്വാസികള്‍ വാകത്താനത്ത് കുടിയേറി പാര്‍ത്തു. പള്ളിക്കുന്നിന്റെ മുകള്‍ പരപ്പില്‍ ഒരു ആരാധനാലയം സ്ഥാപിച്ചിരുന്നു. പിന്നീട് വിവിധ സഭാ വിഭാഗങ്ങള്‍ ഇവിടെ എത്തി സഭാ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയിട്ടു. ആ കൂട്ടത്തില്‍ എ.ഡി 1803-ല്‍ തോട്ടയ്ക്കാട് സെന്റ് ജോര്‍ജ്ജ് കത്തോലിക്കാപള്ളിക്കും, 1023-ാം ആണ്ട് ധനുമാസം 20-ാം തിയതി വാകത്താനം വലിയപള്ളിക്കും, എ.ഡി 1885 വാകത്താനം സി.എസ്.ഐ പള്ളിക്കും തറക്കല്ലിട്ടു. പള്ളികളും ക്ഷേത്രങ്ങളും ധാരാളമായി ഇവിടെയുണ്ട്. പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും ക്ളബ്ബുകളൊ ലൈബ്രറികളൊ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ജയ്ഹിന്ദ് പബ്ളിക്ക് ലൈബ്രറി തൃക്കോതമംഗലം, പബ്ളിക്ക് ലൈബ്രറി കാടമുറി, ഫ്രണ്ട്സ് ലൈബ്രറി ഇരവുചിറ, പബ്ളിക് ലൈബ്രറി പൊങ്ങന്താനം, വിജയ ലൈബ്രറി നാലുന്നാക്കല്‍, എന്‍.കെ.വര്‍ഗ്ഗീസ് മെമ്മോറിയല്‍ ലൈബ്രറി പൊങ്ങന്താനം, പബ്ളിക് ലൈബ്രറി കണ്ണന്‍ചിറ, സന്തോഷ് ക്ളബ് ആന്റ് ലൈബ്രറി വള്ളിക്കാട്, യൂണിയന് ക്ളബ്ബ് ആന്റ് ലൈബ്രറി പുത്തന്‍ചന്ത, പ്രോഗ്രസീവ് ക്ളബ്ബ് ആന്റ് ലൈബ്രറി വാകത്താനം, നാഷണല്‍ പബ്ളിക് ലൈബ്രറി ആന്റ് റീഡിംഗ് റൂം കൂരമറ്റം എന്നിവയാണ്.